പി.എം 2. എന്ന പന്തല്ലൂർ മെക്കാന 2 തമിഴ്നാട് വനം വകുപ്പ് നാമകരണം ചെയ്ത, കഴിഞ്ഞ കുറെ ദിനങ്ങളായി നമ്മൾ കേട്ടുകൊണ്ടിരുന്ന കാട്ടുകൊമ്പൻ.
എന്നാൽ ഇനി മുതൽ ഇവൻ കാട്ടുകൊമ്പൻ അല്ല, മനുഷ്യരുടെ ബുദ്ധിക്കു മുമ്പിൽ കീഴടങ്ങേണ്ടി വന്ന ഇവൻ കുറച്ചു നാൾ കഴിയുമ്പോൾ ഒരു നാട്ടാനയായിമാറും.
വീടുകൾ തകർത്ത് അരി മോഷ്ടിച്ച് ഭക്ഷിച്ചു നടന്ന വലിയ ആക്രമണ സ്വഭാവമുള്ള പി എം 2 എന്ന മോഴയാന വനം വകുപ്പിൻ്റെയും കുങ്കിയാനകളുടെയും സഹായത്തോടെ കഴിഞ്ഞ ദിവസം പിടിക്കപ്പെട്ടു.
സുൽത്താൻ ബത്തേരിയിലെ ജനങ്ങളെ ദിവസങ്ങളോളം ഭീതിയിലാഴ്ത്തിയ കാട്ടാന പി എം 2 മയക്കുവെടിയേറ്റ് വീണു. വനം വകുപ്പിന്റെ രണ്ടു ദിനത്തെ നീണ്ട ഓപ്പറേഷനിലാണ് കാട്ടാനയെ മയക്കുവെടി വയ്ക്കാനായത്.
ആനയെ നേരത്തെ തന്നെ കണ്ടെത്തിയെങ്കിലും കാട്ടിലെ കൂട്ടുകാരനായ കൊമ്പൻ പി എം 2 എന്ന മോഴയാനക്ക് രക്ഷാകവചം തീർത്തു. മനുഷ്യൻ കെണിയൊരുക്കുന്നത് മണത്തറിഞ്ഞ കൊമ്പൻ മണിക്കൂറുകളോളം മോഴയാനയ്ക്ക് സംരക്ഷണം തീർത്തു.
പ്രത്യേക പരിശീലനം ലഭിച്ച കുങ്കിയാനകളെ ഉപയോഗിച്ച് പിന്നീട് കൊമ്പനെ തുരത്തിയ ശേഷമാണ് പി എം 2 വിനെ മയക്കുവെടി വയ്ക്കാനായത്.
കുപ്പാടി തേന്‍കുഴി വനമേഖലയിൽ വെച്ചാണ് മയക്കു വെടിവെച്ചത്.വനാതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ഉൾവനത്തിൽ വെച്ചാണ് കാട്ടാനയെ വെടിവെച്ചത്.
വെടിയുടെ സ്വാധീനം അരമണിക്കൂർ മാത്രമായിരിരുന്നു. ആ സമയം കൊണ്ട് തന്നെ ആനയെ മുത്തങ്ങ പരിശീലന കേന്ദ്രത്തിലെ പ്രത്യേകം തയാറാക്കിയ കൂട്ടിലേക്ക് മാറ്റുകയും ചെയ്തു.
വളരെയറെ ബുദ്ധിമുട്ട് സഹിച്ചാണ് ഈ കൊമ്പനെ കാടിന് വെളിയിൽ കൊണ്ടുവന്നത്.പ്രതേകം റോഡ് വെട്ടി തെളിക്കേണ്ടി വന്നു ഇവനെ പുറത്തു കടത്താൻ.
വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് ഇത്രയും വലിയ ഒരു ഓപ്പറേഷൻ നടന്നത്, എന്നാൽ ആനയെ കൂട്ടിലേക്ക് മാറ്റുന്നതിനിടയിൽ ഡോക്ടറിൻ്റെ കാലിന് പരിക്കേല്ക്കുകയും ചെയ്തു.
ഡോക്ടറിനെ കൂടാതെ വൈൽഡ് വാർഡൻ അബ്ദുൽ അസ്സീസ്, എസി എഫ്. ജെയിംസ് മാത്യു, ഡി എഫ് ഓ സജിനാ കരീം, തുടങ്ങിയവർ ഈ ദൗത്യത്തിന്ന് മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു.
വനം മന്ത്രി എ.കെ ശശീന്ദ്രനും, എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ എന്നിവർ ദൗത്യ സ്ഥലം സന്ദർശിച്ച് സ്ത്ഥിഗതികൾ വിലയിരുത്തിയിരുന്നു.
150 അംഗ വനപാലകരാണ് കാട് കയറിയത്. മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാനകളും സംഘത്തോടൊപ്പമുണ്ടായിരുന്നു.
തമിഴ്നാട് നീലഗിരി ജില്ലയിലെ ഗൂഢല്ലൂരില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ ആനായാണിത്. നാട്ടുകാര്‍ ‘അരിസി രാജ’ എന്ന് പേരിട്ട പി.എം-രണ്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കേരള വനത്തിലേക്ക് എത്തിയത്.
പന്തല്ലൂര്‍ മേഖലയില്‍ സ്ഥിരം ഭീഷണിയായി തീര്‍ന്നതോടെ തമിഴ്നാട് വനംവകുപ്പ് പിടികൂടി റേഡിയോകോളര്‍ ഘടിപ്പിച്ച് വിട്ടയച്ചതായിരുന്നു. അതിനാല്‍ തന്നെ ആനയുടെ നീക്കങ്ങള്‍ വനംവകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു.
ഇതിനിടെയാണ് ബത്തേരി നഗരത്തിലെത്തി ഒരാളെ ആക്രമിച്ചതും വസ്തുവകകള്‍ നശിപ്പിച്ചതും.
അരി മോഷ്ടിച്ച് ഭക്ഷിക്കുന്ന പ്രത്യേക ആക്രമണ സ്വഭാവമുള്ള മോഴയാന പി.എം. 2.ഗൂഡല്ലൂർ മേഖലയിൽ അരിമോഷ്ടിക്കാനായി നൂറോളം വീടുകളാണ് ഇവൻ തകർത്തത്. അതുകൊണ്ടുതന്നെ അരിസി രാജ എന്ന പേരും വീണു.
സത്യമംഗലം കാടുകളിൽ നിന്ന് 170 കിലോമീറ്ററുകൾ താണ്ടിയാണ് അരി ഭക്ഷിക്കാനായി അരിസി രാജ കേരളത്തിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നാട്ടിലിറങ്ങിയ ആന വീടുകൾ തകർക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്തിരുന്നു.
ആനയെ പിടികൂടാൻ നടപടികൾ എടുക്കാൻ വനം വകുപ്പ് കാലതാമസം വരുത്തുന്നു എന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. തുടർന്നാണ് മയക്ക് വെടിവച്ച് ആനയെ പിടികൂടി മുത്തങ്ങയിൽ എത്തിക്കാൻ ഉത്തരവിറങ്ങിയത്.
ഇനി കുങ്കിയാനകളോടൊപ്പമായിരിക്കും അരിസി രാജയുടെ ജീവിതം. കാട്ടാനകളെ ഭയപ്പെടുത്തി തുരത്തിയോടിക്കുന്ന പരിശീലനം ലഭിച്ച നാട്ടാനകളാണ് കുങ്കിയാനകൾ. കുങ്കിയാനകളെ കാട്ടാനകൾക്ക് ഭയമാണ്.
എന്നാൽ തുരത്താൻ നിയോഗിച്ച കുങ്കിയാനയുമായി ഒരു കാട്ടാനക്കൊമ്പൻ പ്രണയത്തിലായ സംഭവവും കേരളത്തിൽ ഉണ്ടായിട്ടുണ്ട്.
എന്താണ് മോഴയാനകൾ ?
കൊമ്പില്ലാത്ത ആണ്‍ ആനകളെയാണ് മോഴ എന്ന് പറയുക.കൊമ്പില്ലെങ്കിലും പൗരുഷത്തില്‍ ഒട്ടും കുറവില്ലാത്ത, ചിലപ്പോള്‍ അല്പം കൂടുതല്‍ ശൗര്യമുള്ള ഇവ പൊതുവില്‍ ആനക്കൂട്ടങ്ങളില്‍ നിന്നും വേറിട്ടാണ് ജീവിക്കുക, ഒറ്റനോട്ടത്തില്‍ ഇവയെ പെണ്ണാനയെന്നേ തോന്നൂ.
കാട്ടിൽ ആനകൾ ജനിക്കുന്നതിൽ എറ്റവും കുറഞ്ഞത് അഞ്ചു ശതമാനം ആനകൾ എങ്കിലും മോഴയാനകൾ ആയിരിക്കും. കൊമ്പനാനകളെക്കാൾ ശക്തിയും വീര്യവും നിറഞ്ഞ ആനകളാണ് മോഴയാനകൾ.
അതുപോലെ കൊമ്പനാനകൾക്കും മോഴയാനകൾക്കും മദപാട് ഒരു പോലെയാണ്.നമ്മുടെ കൊച്ചു കേരളത്തിൽ ഇപ്പോൾ തന്നെ നിരവധി മോഴയാനകൾ ഉണ്ട്,ഇവരെല്ലാം ഉത്സവ പറമ്പുകളിലും സജീവവുമാണ്.
എകദേശം മൂന്ന് മാസത്തോളം കൂട്ടിൽ ഇട്ടു മെരുക്കാനുള്ള ശ്രമം നടത്തും. മെരുങ്ങിക്കഴിഞ്ഞാൽ കുങ്കി ആക്കാനുള്ള പരിശീലനം തുടങ്ങും. എല്ലാ ആനകളെയും കുങ്കിയാക്കാൻ കഴിയില്ല. ആനകളുടെ സ്വഭാവം, മറ്റു ആനകളോട് ഇടപെടുന്ന രീതി, ഉത്സാഹം, ആരോഗ്യം, പ്രായം എന്നിവയെല്ലാം പരിശോധിക്കും.
മടിയൻ ആനയാണെങ്കിൽ കുങ്കിയാക്കാൻ കഴിയില്ല. മറ്റ് ആനകളുമായി അടിപിടി കൂടുന്ന ആനകളെയും കുങ്കിയാക്കാൻ കഴിയില്ല. ഒരു വർഷത്തോളം പരിശീലനം നൽകിയിട്ടും ഫലമില്ലെങ്കിൽ ആനയെ മറ്റൊരു ക്യാംപിലേക്കു മാറ്റുകയാണ് ചെയ്യുന്നത്.
GIPHY App Key not set. Please check settings