തമിഴ് ബ്രാഹ്മണ സമൂഹത്തിന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ് നവരാത്രിയോടനുബന്ധിച്ച ബൊമ്മക്കൊലു ഒരുക്കൽ. ഇവർക്ക് ഭക്തിയുടേയും ആഹ്ലാദത്തിന്‍റെയും നാളുകളാണ് നവരാത്രി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ (പാവകൾ) അണിനിരത്തി നടത്തുന്ന ഒരു ആചാരമാണ് ബൊമ്മക്കൊലു. ‘പാവ’ എന്നർത്ഥം വരുന്ന ‘ബൊമ്മ’ എന്ന വാക്കും, ‘പടികൾ’ എന്നർത്ഥം വരുന്ന ‘കൊലു’ എന്ന വാക്കും ചേർന്നാണ് ബൊമ്മക്കൊലു എന്ന പദം ഉണ്ടായത്.തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്‍റെ ഓർമപ്പെടുത്തലുമായാണ് ബൊമ്മക്കൊലുക്കൾ വീടുകളിൽ തയ്യാറാക്കുന്നത്.
ഒരുക്കുന്ന രീതി
ബൊമ്മക്കൊലുവിന് 3, 5,7,9 എന്നിങ്ങനെ ഒറ്റസംഖ്യ വരുന്ന പടികൾ കെട്ടി അതിൽ ദേവിദേവന്മാരുടെ മൺ പ്രതിമകൾ വയ്ക്കും. ഏറ്റവും മുകളിലെ പടിയിൽ കുടത്തിൽ മാവില, മഞ്ഞൾ പുരട്ടി അലങ്കരിച്ച കുടുമയുള്ള നാളികേരം, പച്ചരി, പച്ച മഞ്ഞൾ എന്നിവ വച്ചുള്ള കുംഭത്തിനാണ് ഏറ്റവും പ്രാധാന്യം. കുഭം വയ്ക്കുന്നതിനും ചില പ്രത്യേക തകൾ ഉണ്ട്. ചൊവ്വ, ശനി ദിവസങ്ങളിലും രാഹുകാല സമയത്തും കുംഭം വയ്ക്കുകയില്ല.
പടികൾക്കു മുകളിൽ തുണിവിരിച്ചശേഷം ദേവീദേവൻമാരുടെ ബൊമ്മകൾ അവയുടെ വലിപ്പത്തിനും സ്ഥാനത്തിനും അനുസരിച്ച് നിരത്തിവെക്കുന്നു. പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മക്കൊലുക്കളിൽ തയ്യാറാക്കുന്നത്.ഗണപതി, ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങൾക്കൊപ്പം ശ്രീരാമപട്ടാഭിഷേകം, അഷ്ടലക്ഷ്മി, ശിവ പാർവതി, ഗുരുവായൂരപ്പൻ, ദശാവതാരം എന്നിവയും ബൊമ്മക്കൊലുവിലുണ്ടാവും.
ദേവിയുടെ ഒൻപത് ഭാവങ്ങളെ പൂജിക്കുന്നു
ബൊമ്മക്കൊലു ഒരുക്കുന്നതും ദേവിയെ പൂജിക്കുന്നതും സ്ത്രീകളാണ്. ആദ്യ മൂന്നു ദിവസങ്ങളിൽ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ എന്നീദേവതകളെ ദുർഗ്ഗദേവി(പാർവതി) സങ്കല്പത്തിലും അടുത്ത മൂന്ന് ദിവസം കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി എന്നീ ദേവതകളെ ലക്ഷ്മിദേവി സങ്കല്പത്തിലും അവസാനത്തെ മൂന്ന് ദിവസം കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നീ ദേവതകളെ സരസ്വതി ദേവി സങ്കല്പത്തിലുമാണ് പൂജ നടത്തുന്നത്. 9 ദിവസം ബൊമ്മക്കൊലു വെച്ച് പൂജിക്കാൻ സാധിക്കാത്തവർക്ക് അവസാന 3 ദിവസങ്ങളിൽ ബൊമ്മക്കൊലു വച്ച് പൂജിക്കാവുന്നതാണ്.സ്ത്രീകൾക്ക് ഏറെ പ്രാധാന്യമുള്ള ഒരു ആഘോഷമാണ് നവരാത്രി.
നവരാത്രിയുടെ ആരംഭത്തോടെ ഒരുക്കുന്ന ബൊമ്മക്കൊലുവിന് എല്ലാ ദിവസവും രാവിലെയും വൈകുന്നേരം നിവേദ്യത്തോടു കൂടിയ പൂജയും ദുർഗ്ഗാഷ്ടമി ദിവസവും മഹാനവമി ദിവസവും മൂന്നുനേരം പൂജയും വിജയദശമി ദിവസം രാവിലത്തെ പൂജയോടെ ബൊമ്മക്കൊലു മാറ്റുകയും ചെയ്യുന്നു. മൂന്നുനേരം പൂജയുള്ള ദിവസങ്ങളിൽ രാവിലത്തെ പൂജയ്ക്ക് പാൽപ്പായസവും വെറ്റില പാക്കും ഉച്ചയ്ക്ക് തൈര്, നാരങ്ങ, പുളിയോദര, തേങ്ങ തുടങ്ങിയ സാദങ്ങളും വൈകുന്നേരം വേവിച്ച വൻപയർ, ചെറുപയർ, കടല, തുടങ്ങിയ ധാന്യങ്ങൾ ഉപ്പോ മധുരമോ ചേർത്ത് നിവേദിക്കുന്നു. ഈ നിവേദ്യം ചുണ്ടൽ എന്നാണ് അറിയപ്പെടുന്നത്.എല്ലാ ദിവസവും വൈകുന്നേരം പൂജയ്ക്ക് സംഗീതം, നൃത്തം, വാദ്യം, എന്നിവ കൊണ്ട് അർച്ചനകൾ നടത്തുന്നു.
ദുർഗാഷ്ടമി ദിവസം ആയുധപൂജയും മഹാനവമി ദിവസം വിദ്യാ പൂജയും നടത്തുന്നു. മഹാനവമി ദിവസം 9 സ്ത്രീകളെ ദേവിയുടെ ഒമ്പത് നാമങ്ങൾ കൊണ്ട് പൂജിച്ച് ഉപഹാരങ്ങൾ നൽകി സന്തോഷിപ്പിക്കുന്നു. അന്നേദിവസം തന്നെ കന്യകമാരായ ബാലികമാരെ ഈ സങ്കല്പത്തിൽ പൂജിച്ച് ഉപഹാരങ്ങൾ നല്കി സന്തോഷിപ്പിക്കുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ബാലിക മാർക്കും നവരാത്രി ദിനങ്ങളിൽ താമ്പൂലം നൽകുന്ന പതിവും ഉണ്ട്.
ഐശ്വര്യവും ക്ഷേമവും അനുഗ്രഹവും ദേവി നൽകുമെന്ന സങ്കല്പത്തിനുപരിയായി കൂടിച്ചേരലിന്‍റെയും ഒത്തൊരുമയുടെയും സൗഹാദ്ദത്തിൻ്റെയും ഒരു ആഘോഷം കൂടിയാണ് നവരാത്രി ആഘോഷവും ബൊമ്മക്കൊലു ഒരുക്കലും
കടപ്പാട് : ലക്ഷ്മി സുബ്രഹ്മണ്യയ്യർ
GIPHY App Key not set. Please check settings