കുറച്ച് കാലം മുൻപ് വരെ നമ്മുടെ റോഡ് വക്കുകളിലെ ഒരു സാധാരണ കാഴ്ചയായിരുന്ന ജെയ്സൺ അല്ലെങ്കിൽ ‘വേസ്റ്റ് നോട്ട് വാട്ടർ ടാപ്പ്.ഈ ടാപ്പിൽ നിന്ന് വെള്ളം ശേഖരിക്കാത്തവരും ഉപയോഗിക്കാത്തവരുമായ ആളുകൾ പഴയ തലമുറയിൽ കുറവായിരുന്നു.
കാലക്രമേണ കേടുപാടുകൾ തീർക്കുവാനുള്ള സൗകര്യക്കുറവും വില കുറഞ്ഞ വിവിധ ലോഹ,പ്ലാസ്റ്റിക് ടാപ്പുകളുടെ കടന്നുവരവോടെ ഇത്തരം ടാപ്പുകൾ അപ്രത്യക്ഷമായി. ജെ. പി. സുബ്രഹ്മണ്യ അയ്യർ എന്ന മലയാളിയാണ് ഈ ടാപ്പ് വികസിപ്പിച്ചെടുത്തത്.
ജെ. പി. സുബ്രഹ്മണ്യ അയ്യർ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്ത് ഇൻഷുറൻസ് ഓഫീസറായി സേവനമനുഷ്ഠിച്ച കാലത്ത് റോഡ് സൈഡിൽ വാട്ടർ ടാപ്പുകൾ ഉപയോഗശേഷം ആളുകൾ കൃത്യമായി അടക്കാത്തത് മൂലം ധാരാളം വെള്ളം പാഴായിപ്പോകുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് നിരന്തരം ചിന്തിച്ചു കൊണ്ടിരുന്ന അദ്ദേഹം ചില എഞ്ചിനീയർ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു ടാപ്പ് ഉണ്ടാക്കി. പിന്നീട് ടാപ്പുകളുടെ പ്രവർത്തനക്ഷമത കൂടുതൽ മെച്ചപ്പെടുത്തുകയും ഈ ടാപ്പ് ഡിസൈന് പേറ്റന്റ്നേടുകയും ചെയ്തു.
പിന്നീട് സുബ്രഹ്മണ്യ അയ്യർ കരമനയിൽ ഒരു ഫാക്ടറി സ്ഥാപിച്ച് വൻതോതിൽ ടാപ്പ് നിർമ്മാണം ആരംഭിച്ചു. പിന്നീട് അദ്ദേഹം നിർമ്മാണശാല കോയമ്പത്തൂരിലേക്ക് മാറ്റി.
‘ഹൈഡ്രോ പ്ലാൻ’ എന്ന ഒരു ജർമ്മൻ കമ്പനി ഇന്ത്യയിലും ശ്രീലങ്കയിലും ഒഴികെ ലോകമെമ്പാടും ടാപ്പ് നിർമ്മിക്കാനും വിൽക്കാനുമുള്ള അവകാശം അയ്യരുടെ കയ്യിൽ നിന്ന് വാങ്ങിയതോടെ യൂറോപ്പ്, ഇംഗ്ലണ്ട്, ജപ്പാൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജെയ്സൺ ടാപ്പിന് പ്രചാരമുണ്ടായി.
ജീവിത രീതിയിലെ വ്യത്യാസവും വീടുകളിലേക്കുള്ള ജലവിതരണവും കുപ്പികളിൽ വരുന്ന കുടിവെള്ളത്തിന്റെ സ്വീകാര്യതയും റോഡുകളിലെ പൊതുടാപ്പുകളുടെ എണ്ണത്തിൽ കുറവുകൾ വരുത്തി.അപൂർവ്വമായുള്ള പൊതുടാപ്പുകളും ജെയ്സൺ ടാപ്പുകൾ ഉപയോഗിക്കാതായി.
എന്നിരുന്നാലും ട്രെയിനുകൾക്കുള്ളിലും സ്റ്റേഷനുകളിലും ഇന്ത്യൻ റെയിൽവേ ഇപ്പോഴും ജെയ്സൺ വാട്ടർ ടാപ്പുകൾ ഉപയോഗിക്കുന്നുണ്ട്.ചെറിയ തരം സ്റ്റീൽ ജെയ്സൺ ടാപ്പുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
GIPHY App Key not set. Please check settings