വർഷങ്ങളായി രാത്രിയിൽ വയനാട്ടിലെ മുണ്ടക്കൈയിലേക്ക് ഓടുന്ന അവസാന ബസ്. രാത്രി ചൂരൽമലയിലെത്തി അവിടെ നിർത്തിയിടും. ആ ബസ്സ് 4 ദിവസമായി ചൂരൽമലയിൽ നിർത്തിയിട്ടിരിക്കുന്നത്. ഈ തിരികെ കൽപ്പറ്റയിലേക്ക് വന്നിട്ടില്ല.
ഉരുൾപൊട്ടലിന്റെ ദുരിതകഥ പുറംലോകത്തെത്തിച്ച ആദ്യവ്യക്തികൾ ഈ KSRTC ബസ്സിലെ ജീവനക്കാരായിരുന്നു. മുണ്ടക്കൈയിലേക്കു കൽപ്പറ്റയിൽനിന്നുള്ള KSRTC ബസ്സിലെ കണ്ടക്ടർ കൊടുവള്ളി തലപ്പെരുമണ്ണ സ്വദേശി സി.കെ.മുഹമ്മദ് കുഞ്ഞിയും ഡ്രൈവർ പി.വി.സജിത്തും.
തിങ്കളാഴ്ച രാത്രിയും പതിവുപോലെ മുണ്ടക്കൈയിൽ ആളെയിറക്കി. രാത്രി 8.30 ന് കൽപ്പറ്റയിൽ നിന്നെടുക്കുന്ന ബസ് 9.45ന് മുണ്ടക്കൈയിലെത്തിയത്. അന്ന് രാത്രി ബസ്സിൽ നിന്നിറങ്ങിയ പലരും ജീവിതത്തിലേക്കാണോ മരണത്തിലേക്കാണോ ഇറങ്ങിപ്പോയത് എന്നുപോലും അറിയില്ല.
ബസ് ചൂരൽമല ക്ഷേത്രത്തിനുമുന്നിലെ റോഡിലൂടെ ക്ലിനിക്കുമുന്നിലെത്തി അവിടെയാണ് പാർക്ക് ചെയ്യാറുള്ളത്. ക്ലിനിക്കിനോടു ചേർന്നുള്ള മുറിയിലാണ് ഡ്രൈവറും കണ്ടക്ടറും രാത്രി ഉറങ്ങാറുള്ളത്.
ചൊവ്വാഴ്ച രാവിലെ ഒരു മണിയോടെയാണ് ഉരുൾപൊട്ടിയത്. പക്ഷേ ചൂരൽമലയിൽനിന്ന് രണ്ടരകിലോമീറ്റർ ദൂരെയായതിനാൽ മുഹമ്മദ് കുഞ്ഞി ശബ്ദം കേട്ടില്ല. 4 മണിയോടെ വീണ്ടും ഉരുൾപൊട്ടി. അകലെനിന്ന് പാറക്കല്ലുകളും മരങ്ങളും ഒഴുകിവന്ന് ഇടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് ഇരുവരും എഴുന്നേറ്റത്.
അതേസമയം അപകടവിവരമറിഞ്ഞ കൽപ്പറ്റ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ പ്രശാന്ത് ആശങ്കയിലായിരുന്നു. രാവിലെ 3 മുതൽ ഇരുവരെയും ഫോണിൽവിളിച്ചിട്ട് കിട്ടുന്നില്ല. 4 മണിയോടെ ഇരുവരും തിരികെവിളിച്ചു. ഉരുൾപൊട്ടിയെങ്കിലും ബസ്സും തങ്ങളും സുരക്ഷിതരാണെന്നു പറഞ്ഞു. പരിചയമില്ലാത്തതിനാൽ പുറത്തിറങ്ങരുതെന്ന് എല്ലാവരും വിളിച്ചുപറഞ്ഞു.
രാവിലെ നേരം വെളുത്തപ്പോൾ ഇരുവരും പുറത്തിറങ്ങി. കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. തങ്ങൾ കടന്നുവന്ന പാലമില്ല. അക്കരെ ചൂരൽമല അങ്ങാടിയില്ല. കെട്ടിടങ്ങളില്ല. വീടുകളും പാഡികളും കാണാനില്ല. ഇരുവരും ഉടനെ ഫോണിൽ വിഡിയോ പകർത്തി എല്ലാവർക്കും അയച്ചു.
ബുധനാഴ്ച രാവിലെയോടെ പുഴയ്ക്കു കുറുകെ സൈന്യം താൽക്കാലിക പാലം നിർമിച്ചു. വൈകിട്ട് 6.30 ന് ഇരുവരും ഇക്കരെയെത്തിയതെന്ന് മുഹമ്മദ്കുഞ്ഞി പറഞ്ഞു. ബസ്സ് ഇപ്പോഴും അക്കരെ കിടക്കുകയാണ്.
GIPHY App Key not set. Please check settings