എറണാകുളം ജില്ലയിലെ ഒരു പ്രധാന ക്ഷേത്രമാണ് പെരുമ്പാവൂരിനടുത്ത് സ്ഥിതിചെയ്യുന്ന മേതല കല്ലില്‍ ഗുഹാ ക്ഷേത്രം. പുരാവസ്തു ഗവേഷണ വകുപ്പിന്‍റെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകവും ചരിത്ര ഗവേഷകരുടെ ഇഷ്ടകേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. ഭക്തിസാന്ദ്രമായ അന്തരീക്ഷം, ഒപ്പം ശാന്തസുന്ദരമായ പ്രകൃതി, അതോടൊപ്പം അത്ഭുത പരിവേഷം, കൂടാതെ ചരിത്രസത്യങ്ങള്‍ വിളിച്ചോതുന്ന പാറക്കല്ലുകള്‍ ഇവയെല്ലാം ചേര്‍ന്ന് കല്ലില്‍ ഗുഹാക്ഷേത്രം എന്ന അല്‍ഭുതചൈതന്യകേന്ദ്രം ആയിരങ്ങളെ അങ്ങോട്ട് ആകര്‍ഷിച്ചുകൊണ്ടിരിയ്ക്കുന്നു.” കല്ലില്‍ ” എന്ന പേരിനെ അന്വര്‍ഥമാക്കുന്ന വിധത്തില്‍ ഇവിടം സര്‍വത്ര കല്ലുമയം.
ക്ഷേത്രചരിത്രം
5 സഹസ്രാബ്ദത്തിലേറെ പഴക്കമുള്ളതാണ് കല്ലിൽ ക്ഷേത്രം. പ്രകൃതിയുടെ വശ്യസൗന്ദര്യം കൊണ്ട് അനുഗൃഹീതമാണ് ക്ഷേത്രം കുടി കൊള്ളുന്ന കല്ലില്‍ മലയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും.ക്ഷേത്രത്തിനു ചുറ്റും 28 ഏക്കറോളം പരന്നു കിടക്കുന്ന പ്രദേശം മുന്‍പ് വിജനമായ വനപ്രദേശമായിരുന്നു. പ്രതാപികളായിരുന്ന കല്ലില്‍ പിഷാരം വകയായിരുന്നു ഈ ക്ഷേത്രം. ഭക്തജനങ്ങളെയും ചരിത്രാന്വേഷകരെയും ഒന്നുപോലെ ആകര്‍ഷിക്കാന്‍ പോന്നതാണ് ഈ പ്രദേശത്തിന്‍റെ വശ്യ ചൈതന്യം. മറ്റു പല ക്ഷേത്രങ്ങളെയും പോലെ പ്രാരംഭ ദശയില്‍ ഇതും ജൈനക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു.
ജൈനമതത്തിലെ തീര്‍ത്ഥങ്കരനായിരുന്ന വര്‍ദ്ധമാന മഹാവീരന്‍റെയും പാര്‍ശ്വനാഥന്‍റെയും പത്മാവതിദേവിയുടെയും പ്രതിഷ്ഠകള്‍, ഇത് ജൈനക്ഷേത്രമായിരുന്നു എന്ന ചരിത്രവസ്തുതയ്ക്ക് പിന്‍ബലം നല്കുന്നു. ഒരു പക്ഷേ ജൈന സന്യാസിമാര്‍ തപസ് അനുഷ്ഠിച്ചിരുന്ന പ്രദേശമായിരുന്നിരിയ്ക്കണം പിന്നീട് ക്ഷേത്രമായി പരിണമിച്ചത്. ഒമ്പതാം നൂറ്റാണ്ടില്‍ ഇത് ഹിന്ദുക്ഷേത്രമായി മാറിയെന്നു കരുതപ്പെടുന്നു. ഇന്നും ജൈനമതസ്ഥര്‍ ഇവിടെ ആരാധനയ്ക്കെത്തുക പതിവാണ്.
ക്ഷേത്രഐതിഹ്യം
ശ്രീകോവിലിന്‍റെ മേല്‍ക്കൂരയായി നിലം തൊടാതെ നില്‍ക്കുന്ന ഭീമാകാരമായ പാറയുടെ പ്രകൃതിദത്തമായ അത്ഭുദ ദൃശ്യമാണ് ദേവിയ്ക്ക് ദിവ്യ പരിവേഷമായി നിലകൊള്ളുന്നത്. ക്ഷേത്രത്തിന്‍റെ ശ്രദ്ധാകേന്ദ്രമായ ഭീമന്‍ പാറ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതിനെക്കുറിച്ചു പല ഐതിഹ്യങ്ങളുമുണ്ട്. ഒരു കാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശത്ത് വനവിഭവങ്ങള്‍ ശേഖരിയ്ക്കാന്‍ എത്തിയവര്‍ കാനനമധ്യത്തില്‍ ദേവീ ചൈതന്യം തുടിയ്ക്കുന്ന സുന്ദരിയായൊരു സ്ത്രീ കല്ലുകൊണ്ട് അമ്മാനമാടി കളിയ്ക്കുന്നത് കണ്ടുവത്രേ.
വനമധ്യത്തില്‍ കണ്ട സുന്ദരി ആരെന്നറിയാന്‍ ആകാംക്ഷയോടെ അവര്‍ അടുത്തു ചെന്നപ്പോഴേയ്ക്കും ആ സുന്ദരി അമ്മാനമാടിക്കൊണ്ടിരുന്ന കല്ലുകള്‍ മറയാക്കി ഗുഹയില്‍ ഒളിച്ചു. ആ സുന്ദരരൂപിണി കല്ലില്‍ ഭഗവതിയായിരുന്നു. അമ്മാനമാടിയപ്പോള്‍ മുകളിലേയ്ക്കു പോയ കല്ല് മേല്‍ക്കൂരയായും താഴേക്കു പതിച്ച കല്ല് ഇരിപ്പിടമായും മാറിയെന്നും ഐതിഹ്യം.അന്തരീക്ഷത്തിൽ തലയുയർത്തി നിൽക്കുന്ന ഈ പാറ 15 ആനകൾ ഒന്നിച്ച് വലിച്ചാൽ പോലും അനങ്ങില്ല എന്ന് പറയപ്പെടുന്നു
പ്രതിഷ്ഠ
ദുർഗ ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഒരു പാറ തുരന്നുണ്ടാക്കിയ ഗുഹയിലാണ് ഭഗവതി പ്രതിഷ്ഠ. ജൈനമതത്തിലെ യക്ഷിയായ പത്മാവതിയുടെ വിഗ്രഹമാണ് ഇതെന്ന് പറയപ്പെടുന്നു. ബ്രഹ്മാവിന്‍റെ പ്രതിഷ്ഠ പാറയുടെ മുകളിലാണ്. ബ്രഹ്മാവിന്‍റെ കൂടെ ശിവനും വിഷ്ണുവും ഉണ്ടെന്നാണ് സങ്കൽപം.അതിനാൽ ശിവനും വിഷ്ണുവിനും ഒപ്പം ബ്രഹ്മാവിനെയും ഇവിടെ പൂജിക്കുന്നു. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ പൂജിക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്.ഉപദേവന്മാരായി ഗണപതി, ശാസ്താവ്, കരിനാഗയക്ഷി എന്നിവരുമുണ്ട്.
അടുത്തകാലംവരെ ഉച്ചപൂജയോടെ പൂജകൾ നടയടയ്ക്കുമായിരുന്നു. വൈകുന്നേരങ്ങളിൽ പൂജ പതിവില്ലായിരുന്നു. രാത്രികാലങ്ങളിൽ മേൽശാന്തിക്ക് കാടിന് നടുവിലുള്ള ക്ഷേത്രത്തിൽ എത്തി പൂജകൾ നിർവഹിക്കാനുള്ള വിഷമം പരിഗണിച്ചായിരിക്കും ഇത് . അന്നാളുകളിൽ സന്ധ്യാ പൂജകൾ കല്ലിൽ ഷാരത്ത് ആണ് കഴിച്ചിരുന്നത്. എന്നാൽ ഏതാനും വർഷങ്ങളായി ഉച്ചപൂജയ്ക്ക് ശേഷം നടയടയ്ക്കുന്ന ക്ഷേത്രം വൈകുന്നേരത്തെ പൂജയ്ക്കായി വീണ്ടും തുറക്കുന്നുപോരുന്നു. അത്താഴപൂജയ്ക്കു ശേഷം 7.30 ഓടെ നടയടയ്ക്കുന്നു.
ഈ പൂജക്രമം നിലവിൽ വരുന്നതിനു മുമ്പ് വൃശ്ചിക മാസത്തിലെ കാർത്തികയ്ക്ക് കൊടിയേറുന്ന തൃക്കാർത്തിക മഹോത്സവത്തിനു മാത്രമേ വൈകുന്നേരം പൂജ ഉണ്ടായിരുന്നുള്ളൂ.
ക്ഷേത്രത്തിലെ തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ മനക്കാരാണ്. നേരത്തെ കല്ലിൽ പിഷാരോടി കുടുംബം വകയായിരുന്നു ഈ ക്ഷേത്രം.ഇടയ്ക്ക് തിരുവനന്തപുരത്തുള്ള ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം ക്ഷേത്രഭരണം ഏറ്റെടുക്കുകയും പിന്നീട് പിഷാരത്ത് ദേവസ്വം ഭരണം നിർവഹിച്ചു തുടങ്ങി.
പ്രധാന വഴിപാടുകൾ
ക്ഷേത്രത്തിൽ ഇടി തൊഴൽ ആണ് പ്രധാന വഴിപാട്.വൃശ്ചികമാസത്തിലെ കാർത്തിക നാളിൽ നടത്തുന്ന ഈ വഴിപാട് വ്രതമനുഷ്ഠിച്ച് മാരാർ വാദ്യമേളങ്ങളോടെ വെറ്റില,അടയ്ക്ക,ചുണ്ണാമ്പ്, മഞ്ഞൾ എന്നീ ദ്രവ്യങ്ങൾ ഉരലിലിട്ട് ഇടിച്ച് ഉണ്ടാക്കുന്ന കൂട്ട് ദേവിക്ക് സമർപ്പിച്ചത്തിനുശേഷം ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകുന്നു. വർഷത്തിലൊരിക്കൽ മാത്രമേ ഈ വഴിപാട് നടത്താറുള്ളൂ. ഇവിടുത്തെ പ്രധാനപ്പെട്ട രണ്ട് വഴിപാടുകളാണ് കല്ല് നേർച്ചയും ചൂൽ നേർച്ചയും.
സ്ത്രീകൾക്ക് മുടി വളരുവാനും പുരുഷന്മാർക്ക് കുടുംബത്തിലെ അസ്വസ്ഥതകൾ മാറുവാനുമാണ് ചൂൽ നേർച്ച നടത്തുന്നത്. ഇരുമ്പ് തൊടാതെ ഓല കൊണ്ട് ചൂൽ നിർമ്മിച്ച് ക്ഷേത്രത്തിൽ സമർപ്പിക്കുന്നതാണ് ചൂൽ നേർച്ച. പാതി വഴിയിൽ മുടങ്ങിയ വീടുപണി പൂർത്തിയാകുവാനാണ് കല്ല് നേർച്ച നടത്തുന്നത്. പണി നടക്കുന്ന വീട്ടിൽ നിന്നും രണ്ട് മൂന്ന് കല്ലുകൾ കൊണ്ടുവന്ന് ക്ഷേത്രത്തിലെത്തിച്ച് പ്രാർഥിച്ചാൽ ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാകും. ആഗ്രഹിച്ച കാര്യം സാധിക്കുന്നവർ ഇവിടെ വന്ന് വീണ്ടും നന്ദിയർപ്പിച്ച് വഴിപാട് നടത്തി പ്രാർഥിക്കാറുമുണ്ട്.
മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി എഴുന്നള്ളിപ്പുകൾക്ക് പിടിയാന ആണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. കല്ലിൽ പിഷാരോടിയുടെ പിന്മുറക്കാരായ
ഒല്ലി സമുദായാംഗങ്ങൾ പാർശ്വനാഥൻ, മഹാവീരൻ, പത്മാവതി ദേവി എന്നിവരെ ഇവിടെ ആരാധിക്കുന്നു
ഒരു വലിയ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിൽ എത്തുവാൻ 120 പടികൾ കയറണം. എറണാകുളം ജില്ലയിൽ പെരുമ്പാവൂരിൽ നിന്നും 10 കിലോമീറ്റർ അകലെ മേതലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് . എം.സി. റോഡില്‍ പുല്ലുവഴി, കീഴില്ലം എന്നീ സ്ഥലങ്ങളില്‍ നിന്നും ആലുവ – മൂന്നാര്‍ റോഡില്‍ കുറുപ്പംപടി, ഓടയ്ക്കാലി എന്നീ സ്ഥലങ്ങളില്‍ നിന്നും ക്ഷേത്രത്തില്‍ എത്തിച്ചേരാം. വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന ആശ്രയിക്കുന്നവർക്ക് സർവ്വാഭിഷ്ടവരദായിനിയാണ് ഈ ക്ഷേത്രത്തിലെ ദേവി എന്ന് അനുഭവസ്ഥർ പറയുന്നു.
GIPHY App Key not set. Please check settings