കോവിഡ് 19 എന്ന മഹാമാരിക്ക് ശേഷം കേരളത്തിൽ സിക്ക വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.ഈഡിസ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് സിക്ക.
അതിരാവിലെയും വൈകുന്നേരവും കടിക്കുന്ന കൊതുകുകളിലൂടെയാണ് പ്രധാനമായും ഈ രോഗം പര ക്കുന്നത്. സിക്ക വൈറസ്നെകുറിച്ചുള്ള പ്രസക്തമായ ചുരുക്കത്തിൽ
*സിക്ക വൈറസ് പിടിപെടുന്നത് എങ്ങനെ?
ഡെങ്കി, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്. രോഗാണുബാധയുള്ള ഈഡിസ് കൊതുകിന്റെ കടി ഏൽക്കുന്നതിലൂടെ ഒരാൾക്ക് ഈ രോഗം പിടിപെടുന്നു.
* ഈഡിസ് കൊതുകുകളുടെ പ്രജനനം എങ്ങിനെയാണ്?
ഈഡിസ് വിഭാഗത്തിൽപ്പെട്ട പെൺകൊതുകുകൾ മാത്രമേ കടിക്കൂ. ഇവ ഒരേസമയം ഒന്നിലധികം ആളുകളുടെ ചോര കുടിക്കുന്നു. ഒരു സമയം വേണ്ടത്ര ചോര കുടിച്ചതിനുശേഷം മൂന്നു ദിവസം വരെ മുട്ടയിടുന്നതിനായി ഇവ വിശ്രമിക്കുന്നു.
ഈ മുട്ടകൾക്ക് ശുദ്ധജലത്തിൽ ഒരു വർഷം വരെ ജീവിക്കാനാകും. ഇവയ്ക്ക് മുട്ടയിട്ടു വളരുന്നതിന് വളരെ കുറച്ച് വെള്ളം മതിയാവും. ഈ മുട്ടകൾ പിന്നീട് ലാർവ ആയും കൊതുകുകൾ ആയും മാറുന്നു. കൊതുകുകൾക്ക് വൈറസ്ബാധ ഉണ്ടാകുന്നത് മനുഷ്യരിൽ നിന്നാണ്
* വൈറസ് രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?
വൈറസ് ബാധയുള്ള കൊതുകിന്റെ കടിയേറ്റതിനുശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഗുരുതരമല്ലാത്ത ലക്ഷണങ്ങളോടെ ആണ് സിക്ക വൈറസ് രോഗം കാണപ്പെടുന്നത്.
ചെറിയ പനി, ശരീരത്തിൽ തിണർപ്പ് എന്നീ ലക്ഷണങ്ങളോടെയാണ് മിക്കവരിലും ഈ രോഗം പ്രത്യക്ഷപ്പെടുന്നത്. ചിലരിൽ കണ്ണിൽ ചുവപ്പു നിറം, പേശീവേദന, സന്ധിവേദന, ക്ഷീണം എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. ലക്ഷണങ്ങൾ രണ്ടു മുതൽ 7 ദിവസം വരെ നീണ്ടുനിൽക്കാം.
* ആരാണ് പരിശോധനയ്ക്കു വിധേയരാകേണ്ടത് ?
രോഗലക്ഷണങ്ങളുള്ളവരും, അടുത്തകാലത്ത് സിക്ക ബാധിത പ്രദേശങ്ങളിൽ യാത്ര ചെയ്തിട്ടുള്ള വരുമായ ഗർഭിണികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം പരിശോധനയ്ക്കു വിധേയരാകണം.
* സിക്ക വൈറസ് രോഗബാധ കണ്ടുപിടിക്കുന്നത് എങ്ങനെ? ലക്ഷണങ്ങളിലൂടെയും കൊതുകുകടി ഏൽക്കാൻ ഉള്ള സാധ്യതയുടെ അടിസ്ഥാനത്തിലും വൈറസ്ബാധ ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിലൂടെയുമാണ് സിക്ക വൈറസ് രോഗബാധ കണ്ടെത്തുന്നത്. പ്രത്യേക പരിശോധനാ സംവിധാനങ്ങളുള്ള ലബോറട്ടറിയിൽ നടത്തുന്ന രക്ത പരിശോധനയിലൂടെയാണ് ഈ രോഗം സ്ഥിരീകരിക്കുന്നത്.
* സിക്ക വൈറസ് രോഗം ഗുരുതരമാകുന്നത് എപ്പോൾ?
സിക്ക വൈറസ് രോഗബാധ ഉള്ളവരിൽ ഗില്ലൻബാരി സിൻഡ്രോം, മൈക്രോസെഫാലി എന്നീ രോഗങ്ങൾ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. പക്ഷേ ഇവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശദമായ പഠനങ്ങൾ നടന്നുവരുന്നതേ യുള്ളൂ.
പേശികളിൽ വേദന, കൈകാലുകളിൽ തരിപ്പ് എന്നീ
അവസ്ഥകൾ കാണുന്ന രോഗമാണ് ഗില്ലൻബാരി. ഈ രോഗം ബാധിച്ച് മിക്കവരിലും അസുഖം ഭേദമാകാറുണ്ട്. എന്നിരുന്നാലും ചിലരിൽ ക്ഷീണം പോലുള്ള ലക്ഷണങ്ങൾ തുടർന്നും കാണാറുണ്ട്.
* ഗർഭിണികളിൽസിക്കരോഗം ഗുരുതരമാകുമോ?
സിക്ക രോഗം ബാധിച്ച ഗർഭിണികളുടെ കുട്ടികളിൽ മൈക്രോസെഫാലി എന്ന രോഗം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഗർഭിണികളും ഗർഭിണിയാകാൻ ആഗ്രഹിക്കുന്നവരും കൊതുക് കടിഏൽക്കാതെ സൂക്ഷിക്കണം.ഗർഭിണിയാണെങ്കിൽ സിക്ക രോഗമുണ്ടെന്ന് സംശയിക്കുന്ന പക്ഷം ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
* എന്താണ് മൈക്രോസെഫാലി?
കുഞ്ഞുങ്ങളിൽ സാധാരണയിൽ കുറഞ്ഞ വലിപ്പമുള്ള തല കാണപ്പെടുന്ന അവസ്ഥയാണ് മൈക്രോസെഫാലി എന്ന പേരിൽ അറിയപ്പെടുന്നത്. ഗർഭാവസ്ഥയിലോ ശിശു ആയിരിക്കുന്ന സമയത്തോ തലച്ചോറിന്റെ വികാസം ശരിയായ രീതിയിൽ നടക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഇത്തരം കുഞ്ഞുങ്ങൾ വളരുമ്പോൾ മറ്റു വെല്ലുവിളികളും നേരിട്ടേക്കാം.ജനിതകമായ കാരണങ്ങളാലും വളരുന്ന അന്തരീക്ഷവുമായി ബന്ധപ്പെട്ട കാരണങ്ങളാലും കുഞ്ഞുങ്ങളിൽമൈക്രോസെഫാലി കാണപ്പെടാം.
ഭ്രൂണാവസ്ഥയിൽ മയക്കുമരുന്ന്, മദ്യം, മറ്റു വിഷ വസ്തുക്കൾ എന്നിവയുമായുള്ള ബന്ധമുണ്ടാകുന്നത് ഇതിനൊരു കാരണമാണ്. ഗർഭിണിയായ സ്ത്രീക്ക് റുബല്ല രോഗബാധ ഉണ്ടായാലും കുഞ്ഞുങ്ങളിൽ മൈക്രോസെഫാലി ഉണ്ടാകുന്നതായി കണ്ടുവരുന്നു.
* സിക്ക വൈറസ് രോഗബാധ ചികിൽസിക്കുന്നത് എങ്ങനെ?
നിലവിൽ സിക്ക രോഗത്തിന് പ്രത്യേക ചികിത്സകൾ ഇല്ല. വേദനയ്ക്കും പനിക്കുള്ള മരുന്നുകൾ,വിശ്രമം,ധാരാളം വെള്ളം കുടിക്കുക ഇവയിലൂടെ രോഗം ഭേദമാകും.രോഗം ഗുരുതരമാകുകയാണെങ്കിൽ വൈദ്യസഹായം തേടണം.
* സിക്ക രോഗബാധയിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനായി എന്തെല്ലാം മുൻകരുതലുകൾഎടുക്കണം?
രോഗബാധയിൽ നിന്നും സംരക്ഷണം ലഭിക്കാനായി ചെയ്യേണ്ട പരമപ്രധാനമായ കാര്യം കൊതുകുകടി ഏൽക്കാതിരിക്കുക എന്നതാണ്. കൊതുകുകടി ഏൽക്കാതിരിക്കുന്നതിലൂടെ സിക്ക വൈറസിൽ നിന്നു മാത്രമല്ല ഡെങ്കി, ചിക്കൻഗുനിയ തുടങ്ങിയ മറ്റു രോഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കും.
കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക, ശരീരം മുടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, ജനലുകളും വാതിലുകളും അടച്ചിടുക, ജനലുകൾക്കും വാതിലുകൾക്കും സ്ക്രീനുകൾ ഉപയോഗിക്കുക. പകൽ ഉറങ്ങുമ്പോൾ പോലും കൊതുകുവല ഉപയോഗിക്കുക, ശുദ്ധജലം കെട്ടിക്കിടക്കാൻ സാധ്യതയുള്ള ബക്കറ്റുകൾ പൂച്ചട്ടികൾ, ടയറുകൾ മുതലായ വസ്തുക്കൾ ഇടയ്ക്കിടെ വൃത്തിയാക്കുക എന്നിവ ചെയ്യാം
* സിക്ക വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യുന്ന ഇടങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കേണ്ടതുണ്ടോ?
സിക്ക വൈറസ് രോഗത്തെക്കുറിച്ചും മറ്റു കൊതുകുജന്യ രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കുകയും അത്തരം രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുമുൻപ് നിർദ്ദേശങ്ങൾക്കായി 104 1056 0471- 2552056 എന്നീ ദിശ ഹെൽപ്പ് ലൈൻ നമ്പറുകളുമായി ബന്ധപ്പെടുകയും ചെയ്യുക.
കൊതുകുജന്യ രോഗങ്ങൾ ബാധിക്കാതിരിക്കാനായി നേരത്തെ വ്യക്തമാക്കിയതുപോലെയുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്. ഗർഭിണികളും ഗർഭിണിയാകാൻ ആഗ്രഹിക്കുന്നവരുമായവർ പ്രത്യക കരുതൽ എടുക്കുകയും യാത്ര ചെയ്യുന്നതിനുമുമ്പ് അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുകയും ചെയ്യേണ്ടതാണ്.
വീടുകളിൽ താമസിക്കുന്ന ഓരോരുത്തർക്കും കൊതുകുകളുടെ എണ്ണം കുറയ്ക്കുന്നതിനായി പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. വീടുകളിലും സ്ഥാപനങ്ങളിലും കൊതുകു മുട്ടയിട്ട് വളരുവാൻ സാധ്യതയുള്ള ചെറിയ അളവ് ശുദ്ധജലം പോലും കെട്ടിക്കിടക്കുന്ന ബക്കറ്റുകൾ, പൂച്ചട്ടികൾ, ടയറുകൾ മുതലായവ വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കേണ്ടതാണ്
GIPHY App Key not set. Please check settings