കോട്ടയം: കല്ലറ വെച്ചൂർ റോഡിൽ കോലോംപുറത്തുകരിയിൽ കാർ നിയന്ത്രണം വിട്ടു വെള്ളം നിറഞ്ഞുകിടക്കുന്ന മോട്ടോർ ചാലിൽ പതിച്ചു.ഇടയാഴം ഭാഗത്തുനിന്ന് കല്ലറ ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന കോട്ടയം സ്വദേശികളായ കോട്ടയം പുല്ലാഞ്ഞികുന്ന്മുല്ലശ്ശേരി പാറക്കൽ വീട്ടിൽ സുബിൻ മാത്യു (31) ഭാര്യ ആഷാ മോൾ ചെറിയാൻ (30) സുബിൻ മാത്യുവിന്‍റെ മകൾ അനയ അന്ന (3) ആഷാ മോളുടെ പിതാവ് ചെറിയാൻ തോമസ് (60) ഭാര്യ ലീലാമ്മ (55) എന്നിവർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.
ആ സമയം അതുവഴിവന്ന ടിപ്പർ ലോറി ജീവനക്കാരായ ഏഴുമാന്തുരുത്ത് സാബു സദനം രാധാകൃഷ്ണൻ, ഏഴുമാന്തുരുത്ത് മനോജ് മന്ദിരം മനോജ് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കാനായത്.അപകടം നടന്ന പാടത്തു 10 അടിയോളം ആഴവും 5 അടി വെള്ളവും ഉണ്ട്.കാറിൽ യാത്രചെയ്തവർക്കു സാരമായ പരിക്കുപറ്റി.ഇടയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
കല്ലറ ഭാഗത്തുനിന്നും വരുമ്പോൾ ഏതാണ്ട് പൂർണമായും മുങ്ങിയ കാർ ശ്രദ്ധയിൽ പെടുകയും, അടുത്തുനിന്ന ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരി മാറ്റി വെള്ളത്തിൽ ഇറങ്ങി ചെന്നപ്പോൾ കാണുന്നത് കൈക്കുഞ്ഞിനെ രക്ഷിക്കാൻ ഉയർത്തി പിടിച്ചിരിക്കുന്നതാണ്.
പെട്ടന്ന് തങ്ങളുടെ വാഹനത്തിൽ നിന്ന് ലിവർ ഉപയോഗിച്ച് മുങ്ങിയ കാറിന്‍റെ ചില്ല് തകർത്ത് കുഞ്ഞിനേയും കുടുംബത്തെയും രക്ഷിക്കുകയായിരുന്നു എന്ന് രാധാകൃഷ്ണനും മനോജും പറയുന്നു.പാടത്തു പെട്ടിയും പറയും സ്ഥാപിച്ചു കൊണ്ടിരുന്ന കല്ലറ തേക്കുംകാലായിൽ ശ്രീകുമാർ, പെരുത്ത് കിഴക്കേ മുടക്കോടി ബേബി, പാടശേഖര സമിതി കൺവീനർ കോലോംപുറത്തുകരി ബാബു എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
കല്ലറ – വെച്ചൂർ സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്.കോട്ടയം ജില്ലയിലെ കിഴക്കൻ പ്രദേശത്തുള്ളവർക്കു ആലപ്പുഴ ജില്ലയിലേക്കു പോകുവാൻ ഏറ്റവും എളുപ്പമുള്ള പാതയാണ് പാടശേഖരത്തിനു നടുവിലൂടെയുള്ള ഈ റോഡ്.
ഗുണനിലവാരത്തിൽ റോഡ് ടാർ ചെയ്തിട്ടുണ്ടെങ്കിലും വളവുകളും, സംരക്ഷണഭിത്തിയുടെ അഭാവവും , വാഹനങ്ങളുടെ അമിത വേഗതയും ,മറ്റു അടിസ്ഥാന സൗകര്യ കുറവും ഈ പാതയിൽ അപകടങ്ങൾ നിത്യ സംഭവം ആക്കി മാറ്റുകയാണ്. ഇതിനോടകം തന്നെ നിരവധി ആളുകളുടെ ജീവൻ ഈ പാതയിൽ പൊലിഞ്ഞിട്ടുണ്ട്.
ഈ പാതയിലെ അപകടങ്ങൾക്കു പ്രധാനമായും കാരണമാകുന്നത് അമിതഭാരം കയറ്റി അമിത വേഗത്തിൽ പായുന്ന ടിപ്പർ,ടോർസ് ലോറികളാണ്.നാട്ടുകാർ പല തവണ പരാതിപ്പെട്ടിട്ടും വിവിധ സമരങ്ങൾ നടത്തിയിട്ടും നടപടികൾ എടുക്കാൻ അധികൃതർ തയാറാകുന്നില്ല എന്ന് നാട്ടുകാർ പറയുന്നു.
GIPHY App Key not set. Please check settings