in ,

കർഷകരുടെ അദ്ധ്വാനവും പ്രകൃതിസൗന്ദര്യവും നുകരാൻ വട്ടവട

അടുത്തകാലത്ത് വളരെയേറെ ചർച്ച ചെയ്ത ഇടുക്കി ജില്ലയിലെ, തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കേരളീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത കേരള ഗ്രാമമാണ് വട്ടവട.

ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ രൂപത്തിലുള്ള കൃഷിപാടങ്ങളും, വിളഞ്ഞു നില്‍ക്കുന്ന ഗോതമ്പ് പാടങ്ങളും, മഞ്ഞപ്പൂക്കള്‍ നിറഞ്ഞ കടുക് പാടങ്ങളും, സ്ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, കഠിനമായ വെയിലിലും മരംകോച്ചുന്ന തണുപ്പും ചേര്‍ന്ന സുന്ദര ഭൂമിയാണ്‌ വട്ടവട.

മൂന്നാറില്‍നിന്നും 42 കി.മീ. കിഴക്കുമാറി നീലക്കുറിഞ്ഞി പൂക്കുന്ന മലമ്പാതകളിലൂടെ സഞ്ചരിച്ചാല്‍ വട്ടവടയില്‍ എത്തിച്ചേരാം. കണ്ണുകള്‍കൊണ്ട് കണ്ടുതീര്‍ക്കാനാകാത്ത സൗന്ദര്യമാണ് വട്ടവട യാത്രയില്‍ പ്രകൃതി സമ്മാനിക്കുക. മൂന്നാറിലെ ചായത്തോട്ടങ്ങള്‍ പിന്നിട്ട് ആദ്യം എത്തിച്ചേരുക മാട്ടുപെട്ടി ഡാമിലാണ്.

അതിരാവിലെ ഡാമിലെ റിസര്‍വോയറില്‍ നിന്നും തണുത്ത നീരാവി പൊങ്ങുന്ന കാഴ്ച്ച അതിമനോഹരമാണ്. യാത്ര തുടര്‍ന്നാല്‍ മാട്ടുപെട്ടി ബോട്ടിംഗ് ലാന്‍റ്ല്‍ എത്തിച്ചേരാം. എക്കോ പോയന്‍റ് ഇവിടെത്തന്നെയാണ്. ഇവിടെനിന്ന് വലത്തോട്ട് തിരിഞ്ഞാണ് മീശപ്പുലി മലയിലേക്കുള്ള ട്രക്കിംഗ് ആരംഭിക്കുക. ഇതിനുള്ള അനുമതി വനം വകുപ്പില്‍ നിന്നും മുന്‍കൂട്ടി വാങ്ങണം.നേരെപോയാല്‍ കുണ്ടള ഡാമില്‍ എത്തിച്ചേരാം.

കുണ്ടള ഡാം

യാത്രതുടര്‍ന്നാല്‍ മൂന്നാര്‍ ടോപ്പ്സ്റ്റേഷനിലെത്താം. തമിഴ്നാട്ടിലെ തേനി ജില്ലയുടെ ഭാഗമാണ് ടോപ്പ്സ്റ്റേഷന്‍. ബ്രിട്ടീഷുകാര്‍ പണിത ആലുവ – ഭൂതത്താന്‍കെട്ട് – മാങ്കുളം – ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിലെത്തിയിരുന്ന റെയില്‍ പാതയിലെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ സ്റ്റേഷനായിരുന്നു ടോപ്‌ സ്റ്റേഷന്‍.

യാത്രതുടര്‍ന്നാല്‍ മൂന്നാര്‍ ടോപ്പ്സ്റ്റേഷനിലെത്താം. തമിഴ്നാട്ടിലെ തേനി ജില്ലയുടെ ഭാഗമാണ് ടോപ്പ്സ്റ്റേഷന്‍. ബ്രിട്ടീഷുകാര്‍ പണിത ആലുവ – ഭൂതത്താന്‍കെട്ട് – മാങ്കുളം – ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിലെത്തിയിരുന്ന റെയില്‍ പാതയിലെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ സ്റ്റേഷനായിരുന്നു ടോപ്‌ സ്റ്റേഷന്‍.

കാല്‍പ്പനികത തൊട്ടുതീണ്ടിയിട്ടില്ലാത്ത അമ്പത് വര്‍ഷമെങ്കിലും പുറകിലേക്ക് സഞ്ചരിച്ചാല്‍ എത്തിപ്പെടുന്ന തനി നാടന്‍ തമിഴ് ഗ്രാമം. പരിഷ്കൃത സമൂഹത്തിന്‍റെ യാതൊരു ലക്ഷണങ്ങളും വട്ടവടയിലില്ല.

വട്ടവട ടൗൺ

സമൂദ്രനിരപ്പില്‍നിന്ന് 1740 മീറ്റര്‍ ഉയരത്തിലാണ് വട്ടവട സ്ഥിതി ചെയ്യുന്നത്. മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയില്‍. ഈ തണുപ്പും, ശീതകാല പച്ചക്കറികൃഷിത്തോട്ടങ്ങളും, വനപാതയിലൂടെയുള്ള യാത്രയും, കാട്ടുമൃഗങ്ങളുടെ സാന്നിധ്യവുമാണ് സഞ്ചാരികളെ വട്ടവടയിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങള്‍.

ആധുനിക കാര്‍ഷിക രീതികള്‍ വട്ടവടയിലെ കര്‍ഷകര്‍ക്ക് അറിയില്ല. പുറംലോകത്തിന് തികച്ചും അപരിചിതമായ പാരമ്പര്യ കൃഷിരീതികളാണ് അവര്‍ പിന്തുടരുന്നത്.

കാബേജ്

കൃഷിത്തോട്ടങ്ങളുടെ സുന്ദര കാഴ്ച്ച ആസ്വദിക്കാന്‍ ഏറ്റവും നല്ല സമയം ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളാണ്. കൊട്ടാക്കമ്പൂര്‍, ചിലന്തിയാര്‍, കോവിലൂര്‍, പഴത്തോട്ട് എന്നീ സ്ഥലങ്ങള്‍ കൂടാതെ കൂടലാര്‍കുടി, സ്വാമിയാര്‍കുടി, പരിശപ്പെട്ടി, വത്സപ്പെട്ടി എന്നീ ആദിവാസി കോളനികളും ചേര്‍ന്നതാണ് വട്ടവട.

ടിപ്പുസുല്‍ത്താന്‍റെ പടയോട്ടത്തില്‍നിന്ന് രക്ഷതേടി, തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍, തേനി, മധുര തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് കുടിയേറിയവരാണ് വട്ടവട നിവാസികള്‍.

പ്ലം

ജാതിവ്യവസ്ഥ ഇവിടെ ശക്തമാണ്. താഴ്ന്ന ജാതിക്കാര്‍ക്കായി പ്രത്യേക കോളനികളുണ്ട്. മലയര്‍, മുതുവര്‍, നായാടി എന്നീ വിഭാഗത്തില്‍ പെടുന്ന ഗോത്ര പാരമ്പര്യം പേറി ജീവിക്കുന്നവരാണ് വട്ടവടയിലെ കര്‍ഷകര്‍. വട്ടവടയില്‍ വില്ലേജ് ഓഫീസും, ഭരണസമിതിയും എല്ലാം ഉണ്ടെങ്കിലും നിയമവും, ശിക്ഷയും നിശ്ചയിക്കാന്‍ ഊര് മൂപ്പനുണ്ട്. ഔദ്യോഗികമായി വട്ടവട കേരളത്തിലാണെങ്കിലും ഇന്നാട്ടുകാര്‍ മനസുകൊണ്ട് തമിഴ്നാട്ടുകാരാണ്.

തമിഴും മലയാളവും ഇടകലര്‍ന്ന ഒരു പ്രത്യേക ഭാഷയാണ് ഇവര്‍ ഉപയോഗിക്കുന്നത്. വട്ടവടയിലെ കര്‍ഷകര്‍ മണ്ണില്‍ പൊന്നു വിളയിക്കുന്നവരാണെങ്കിലും ഇടനിലക്കാരുടെ ചൂഷണത്തിന്‍റെയും, സാമ്പത്തിക പരാധീനതയുടെയും, കുടുംബപ്രശ്നങ്ങളുടേയും കണക്കുമാത്രമേ നിരത്താനുള്ളൂ.

പ്രകൃതിയുടെ മടിത്തട്ടില്‍ അധ്വാനത്തിന്‍റെ കരവിരുതുകൊണ്ട് കര്‍ഷകര്‍ തീര്‍ത്ത ശില്‍പ്പമാണ് വട്ടവട. വട്ടവടയിൽ നിന്ന് കൊടൈക്കനാല്‍, ടോപ്‌സ്റ്റേഷന്‍, മാട്ടുപ്പെട്ടി, കാന്തല്ലൂര്‍, മീശപ്പുലിമല എന്നിവിടങ്ങളിലേക്ക് ചെന്നെത്തുന്ന വഴികളുണ്ട്.

പ്രകൃതിഭം​ഗി ആസ്വദിച്ചുളള നടത്തത്തിന് ഇതുപോലെ പറ്റിയൊരിടമില്ല. പൊതുവേ സന്ദര്‍ശകരോട് അനുഭാവം പുലര്‍ത്തുന്നവരാണ് വട്ടവടക്കാർ . ജീപ്പ് സഫാരി, സാഹസിക ബൈക്കിംഗ്, കാട്ടിനകത്തെ താമസം എന്നിവയ്ക്ക് ഇവിടെ സൗകര്യമുണ്ട്.

​ഗോത്രവർ​ഗജനതയുടെ ആദിമകഥകളാണ് വട്ടവടയുടെ തനിമ. അവരുടെ ആചാരങ്ങൾ, കലാരൂപങ്ങൾ, നാട്ടുവൈദ്യം, ജീവിതരീതി എന്നിവയെല്ലാം കാലങ്ങളായി സഞ്ചാരികളെ ആകർഷക്കുന്നു. എന്തായാലും സഞ്ചാരികളുടെ ഹൃദയംനിറയുന്ന ഒരു യാത്ര അനുഭവമായിരിക്കും വട്ടവട സമ്മാനിക്കുന്നത് എന്ന് നിസംശയം പറയാം.

എങ്ങനെ എത്താം
അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : എറണാകുളം ജംഗ്ഷന്‍, മൂന്നാറില്‍ നിന്ന് 130 കി. മീ.
വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 110 കി. മീ.

https://www.google.com/maps/place/Vattavada/@10.1656186,77.1886826,12z/data=!3m1!4b1!4m5!3m4!1s0x3b077714b116c941:0x5abf6ce074df9989!8m2!3d10.1777275!4d77.2537808

Written by Webdesk

What do you think?

Comments

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Loading…

0

തീവണ്ടി എൻജിൻ അഥവാ ലോക്കോയെ പരിചയപ്പെടാം.

ഗ്രാമത്തിന്‍റെ കഥ പറയുന്ന തെമ്മാടിക്കുന്നിലെ താന്തോന്നികൾ