in

സഞ്ചാരികളുടെ പറുദീസയായ രാമക്കൽമേട്‌

വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കൽ‌മേട്.

വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കൽ‌മേട്. പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്.

ഇത്രയും ഉയരം കീഴടക്കി രാമക്കൽ‌മേടിന്‍റെ ഉച്ചിയിൽ എത്തിയാൽ തമിഴ്നാടിന്‍റെ സൗന്ദര്യം കാണാം.ചരിത്ര പ്രധാന്യമുള്ള ഈ മലനിരയിലേക്ക് നിരവധി സഞ്ചാരികൾ എത്താറുണ്ട്.

രാമക്കൽ‌മേടിന് ആ പേര് ലഭിച്ചതിന് പിന്നിൽ ഒരു ഐതിഹ്യം ഉണ്ട്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാദേവിയെ തിരഞ്ഞ് ഈ കുന്നിലെത്തിയെന്നാണ് വിശ്വാസം. ‘രാമന്‍ കാല്‍ വെച്ച ഇടം’ എന്ന അർത്ഥത്തിലാണ് ഈ സ്ഥലത്തിന് രാമക്കൽമേട് എന്ന പേര് ലഭിച്ചത്.

മറ്റൊരു ഐതിഹ്യം മേടിന് മുകളിലെ ‘കല്ലുമ്മേൽ കല്ലു’മായി ബന്ധപ്പെട്ടതാണ്. വനവാസകാലത്ത് പാണ്ഡവൻമാർ ഇവിടെ വന്നപ്പോൾ, ദ്രൗപതിക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കാൻ ഭീമസേനൻ ഉപയോഗിച്ചതാണ് ആ കല്ല് എന്നുമാണത്.

ഇടുക്കി ജില്ലയിൽ കേരള തമിഴ്നാട് അതിർത്തിയിൽ ആണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. ഈ മലയിൽ കയറി നിന്നാൽ തമിഴ്നാട്ടിലെ സമതലപ്രദേശങ്ങളുടെ സൗന്ദര്യം ആസ്വദിക്കാം. വിമാനത്തിലെ വിൻഡോയിലൂടേ ഭൂമിയിലെ കാഴ്ചകൾ കാണുന്ന അതേ അനുഭൂതിയായിരിക്കും ഇവിടെ എത്തിയാൽ നിങ്ങൾക്ക് ഉണ്ടാവുക.

മലമുകളിലെ പാറക്കൂട്ടങ്ങൾ സാഹസികരായ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ്. പാറക്കൂട്ടങ്ങളുടെ സൗന്ദര്യം കാണുന്നതി‌ൽ ഉപരി പാറക്കെട്ടുകളിൽ വലിഞ്ഞ് കയറി ആവേശംകൊള്ളാൻ ഇഷ്ടപ്പെടുന്നവരാണ് സഞ്ചാരികളിൽ പലരും. എപ്പോഴും വീശിയടിക്കുന്ന കാറ്റ് ഈ സാഹസികതയ്ക്ക് കൂടുതൽ ആവേശം പകരും.

മഞ്ഞും കാറ്റും മലനിരയും പ്രകൃതി സൌന്ദര്യവും കൌതുകം വിതയ്‌ക്കുന്ന രാമക്കല്‍ മേട്ടിലെ മറ്റൊരു സൌന്ദര്യക്കാഴ്ച സൂര്യാസ്തമയമാണ്. മഞ്ഞും കാറ്റും സംഗമിക്കുന്ന മലനിരയില്‍ തമിഴ്‌നാട് വീക്ഷിക്കുന്ന കുറവന്‍റെയും കുറത്തിയുടേയും കുട്ടിയുടേയും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

രാമക്കൽമേട്ടിൽ എത്തിച്ചേരുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റൊന്നാണ് സദാ കറങ്ങിക്കൊണ്ടിരിക്കുന്ന കൂറ്റൻ‌ കാറ്റാടികൾ. മണിക്കൂറിൽ 35.5 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാറുള്ള ഇവിടെ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാറുണ്ട്.

ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രമാണ് ഈ സ്ഥലം അതിനാൽ നിരവധിപ്പേരാണ് രാമക്കൽമേട്ടിലേക്ക് കയറുന്നത്. എന്നാൽ മഴക്കാലത്ത് വഴുതൽ ഉണ്ടാകും എന്നതിനാൽ പാറകളിൽ കയറുന്നത് ഒഴിവാക്കുക. മാത്രമല്ല അതിസാഹസികരാകാൻ ശ്രമിച്ച് അപകടങ്ങൾ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുക.

എറണാകുളത്തു നിന്നും 150 കിലോമീറ്റർ ദൂരത്തായാണ് ഈ സ്ഥലം. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയിൽ നിന്നും നിന്നും 43 കിലോമീറ്റർ ദൂരത്താണ് രാമക്കൽമേട്. കൂടാതെ കട്ടപ്പനയിൽ നിന്നും 20 കിലോമീറ്ററും, മൂന്നാർ നിന്നും 70 കിലോമീറ്ററും റോഡു മാർഗ്ഗം സഞ്ചരിച്ച് ഇവിടെ എത്താം.

https://www.google.com/maps/place/Ramakkalmedu+View+Point/@9.8169701,77.244121,17z/data=!3m1!4b1!4m5!3m4!1s0x3b0706351cdfbb17:0xffcf51e66c57369c!8m2!3d9.8169701!4d77.2463097

Written by Webdesk

What do you think?

Comments

Leave a Reply

Your email address will not be published. Required fields are marked *

GIPHY App Key not set. Please check settings

Loading…

0

പതിനെട്ട് കോടിയുടെ മരുന്നോ ?